10
Dec
ഭഗവദ്ഗീത-സാംഖ്യയോഗം (1)
ഓം ശ്രീ പരമാത്മനേ നമ :
രണ്ടാം അദ്ധ്യായം
സാംഖ്യയോഗം
രണ്ടാം അദ്ധ്യായം
സാംഖ്യയോഗം
സഞ്ജയ ഉവാച
“ തം തഥാ കൃപയാവിഷ്ടമശ്രുപൂർണാദകുലേക്ഷണം I
വിഷീദന്തമിദം വാക്യമുവാച മധുസൂദനഃ II “
സഞ്ജയൻ പറഞ്ഞു: അപ്രകാരം ദയാധീനനായി, കണ്ണീർ നിറഞ്ഞു കലങ്ങിയ കണ്ണുകളോടുകൂടിയവനായി, വിഷാദിയായിരിക്കുന്ന ആ അർജ്ജുനനോട് ഭഗവാൻ ഈ വിധ വാക്യം പറഞ്ഞു (1)
ശ്രീഭഗവാനുവാച
“കുതസ്ത്വാ കശ്മലമിദം വിഷമേ സമുപസ്ഥിതമം I
അനാര്യജുഷ്ടമസ്വർഗ്യമകീർത്തികരമർജ്ജുന II “
ശ്രീഭഗവാൻ അരുളി ചെയ്തു: അർജ്ജുനാ, ഈ വിഷമഘട്ടത്തിൽ ഇങ്ങനെയുള്ള മോഹം എങ്ങനെ നിന്നെ പിടികൂടി? ഇതു ശ്രേഷ്ഠപുരുഷന്മാർക്കു ചേരാത്തതും സത്കീർത്തിയോ സ്വർഗ്ഗമോ നൽകാത്തതാണല്ലോ (2)
"ക്ലൈബ്യം മാ സ്മ ഗമഃ പാർഥ നൈതത്ത്വയ്യുപപദ്യതേ I
ക്ഷുദ്രം ഹൃദയദൌർബ്ബല്യം ത്യക്ത്വോത്തിഷ്ഠ പരന്തപ II"
നീ നപുംസകത്വത്തെ പ്രാപിക്കരുതു. അർജ്ജുനാ, അതു നിനക്കു ചേരുകയില്ല. നിസ്സാരമായ ഈ മനോദൌർബ്ബല്യത്തെ ദൂരെക്കളഞ്ഞ്, ഹേ പരന്തപാ, എഴുന്നേൽക്കുക. (3)
അർജ്ജുന ഉവാച
"കഥം ഭീഷ്മമഹം സംഖ്യേ ദ്രോണം ച മധുസൂദന I
ഇഷുഭിഃ പ്രതിയോത്സ്യാമി പൂജാർഹാവരിസൂദന II"
അർജ്ജുനൻ പറഞ്ഞു: അല്ലയോ മധുസൂദന! ഭീഷ്മപിതാമഹനേയും ദ്രോണാചാര്യരേയും യുദ്ധത്തിൽ ബാണങ്ങളെക്കോണ്ട് ഞാൻ എങ്ങനെ എതിരിടും? ഹേ ശത്രുസംഹാരകനായ ക്യഷ്ണാ, അവരിരുവരും പൂജനീയരല്ലേ? (4)
" ഗുരൂനഹത്വാ ഹി മഹാനുഭാവാന്‍ I
ശ്രേയോ ഭോക്തും ഭൈക്ഷ്യമപീഹ ലോകേ II
ഹത്വാർഥ കാമാംസ്തു ഗുരൂനിഹൈവ I
ഭുഞ്ജീയ ഭോഗാന്‍ രുധിരപ്രദിഗ്ധാന്‍ II "
മഹാനുഭാവന്മാരായ ഗുരുജനങ്ങളെ കൊല്ലാതെ ഭിക്ഷാന്നവും ഭക്ഷിച്ചുകൊണ്ടു നടക്കുകയാണ് ഈ ലോകത്തിൽ നല്ലതെന്നു ഞാൻ കരുതുന്നു. കാരണം, അവരെക്കൊന്നാൽ പിന്നെ ആ ചോരപുരണ്ട അർഥകാമഭോഗങ്ങളായിരിക്കും ഞാൻ അനുഭവിക്കുക (5)
" ന ചൈതദ്വിദ്മഃ കതരന്നോ ഗരീയോ I
യദ്വാ ജയേമ യദി വാ നോ ജയേയുഃ II
യാനേവ ഹത്വാ ന ജിജീവിഷാമഃ I
തേfവസ്ഥിതാഃ പ്രമുഖേ ധാർതരാഷ്ട്രാ:II"
ഞങ്ങളെ സംബന്ധിച്ചിടത്തോളം, യുദ്ധം ചെയ്യുക, ചെയ്യാതിരിക്കുക - രണ്ടിൽ ഏതാണു നല്ലതെന്നു ഞങ്ങൾ അറിയുന്നില്ല. ഞങ്ങൾ അവരെ ജയിക്കുമോ അഥവാ അവർ ഞങ്ങളെ ജയിക്കുമോ എന്നും ഞങ്ങൾക്കറിഞ്ഞൂടാ. ആരെ കൊന്നിട്ടു ജീവിച്ചിരിക്കണം എന്നു ഞങ്ങൾക്കു ആശയില്ലയോ, ആ ധാർത്തരാഷ്ട്രന്മാർ തന്നെ എതിരേ നിൽക്കുകയും ചെയ്യുന്നു. (6)
" കാർപണ്യദോഷോപഹതസ്വഭാവഃ I
പൃച്ഛാമി ത്വാം ധർമ്മ സമ്മൂഢചേതാഃ II
യച്ഛ്രേയഃ സ്യാന്നിശ്ചിതം ബ്രൂഹി തന്മേ I
ശിഷ്യസ്തേfഹം ശാധി മാം ത്വാം പ്രപന്നം II "
സ്വഭാവം അജ്ഞാനജന്യമായ ഭീരുത എന്ന ദോഷത്താൽ മങ്ങിപ്പോയി; ബുദ്ധി ധർമ്മമേതെന്നറിയാൻ കഴിയാത്തതുമായി. അങ്ങനെയുള്ള ഞാൻ അങ്ങയോട് ചോദിക്കുകയാണ്; ഏതാണ് എനിക്കു തീർത്തും ശ്രേയസ്സ്കരമായിത്തീരുക? അങ്ങയുടെ ശിഷ്യനാണു ഞാൻ. അങ്ങയെ ശരണം പ്രാപിച്ചിരിക്കുന്ന എന്നെ ഉപദേശിച്ചാലും (7)
" ന ഹി പ്രപശ്യാമി മമാപനുദ്യാദ് I
യച്ഛോകമുച്ഛോഷണമിന്ദ്രിയാണാം II
അവാപ്യ ഭൂമാവസപത്നമൃദ്ധം I
രാജ്യം സുരാണാമപി ചാധിപത്യം II"
കാരണം, ഭൂമിയിൽ ശത്രുരഹിതവും സമ്പത്സമ്യദ്ധമായ രാജ്യമോ, ദേവാധിപത്യം പോലുമോ ലഭിച്ചാലും ഇന്ദ്രിയങ്ങളെ വരട്ടുന്ന എന്റെ ദു:ഖം ഒഴിവാക്കാനുള്ള വഴിയൊന്നും ഞാൻ കാണുന്നില്ല. (8)
സഞ്ജയ ഉവാച
" ഏവമുക്ത്വാ ഹൃഷീകേശം ഗുഡാകേശഃ പരന്തപ I
ന യോത്സ്യ ഇതി ഗോവിന്ദമുക്ത്വാ തൂഷ്ണീം ബഭൂവ ഹ II"
സഞ്ജയൻ പറഞ്ഞു: ഹേ രാജൻ ! നിദ്രയെ ജയിച്ച അർജ്ജുനൻ അന്തർയ്യാമിയായ ഗോപാലനോട് ഇപ്രകാരം പറഞ്ഞ്, ‘ഞാൻ യുദ്ധം ചെയ്യില്ല’ എന്നു വീണ്ടും പറഞ്ഞ് മിണ്ടാതെയിരുന്നു. (9)
" തമുവാച ഹൃഷീകേശഃ പ്രഹസന്നിവ ഭാരത I
സേനയോരുഭയോർമധ്യേ വിഷീദന്തമിദം വചഃ II "
അല്ലയോ മഹാരാജാവേ, അപ്പോൾ ഉഭയസൈന്യങ്ങൾക്കും മദ്ധ്യേ വിഷാദമഗ്നനായിരിക്കുന്ന അർജ്ജുനനോട്, മന്ദഹസിച്ചുകൊണ്ടെന്നു തോന്നുമാറ്, ഭഗവാൻ ഇങ്ങനെ പറഞ്ഞു. (10)