"നിഹത്യ ധാര്‍തരാഷ്ട്രാന്നഃ കാ പ്രീതിഃ സ്യാജ്ജനാര്‍ദന I
പാപമേവാശ്രയേദസ്മാന്‍ ഹത്വൈതാനാതതായിനഃ II"

അല്ലയോ ജനാര്‍ദ്ദന, ഈ ധൃതരാഷ്ട്ര പുത്രന്മാരെ കൊന്നിട്ട് ഞങ്ങള്‍ക്കെന്തു സന്തോഷം കിട്ടാന്‍? ഇതു നീചകൃത്യവും ചെയ്യാന്‍ മടിക്കാത്ത ഈ ദുഷ്ടന്മാരെ കൊന്നാലും പാപം ഞങ്ങളെ പിടികൂടുക തന്നെ ചെയ്യും (36)

" തസ്മാന്നാര്‍ഹാ വയം ഹന്തും ധാര്‍തരാഷ്ട്രാ‍ന്‍ സ്വബാന്ധവാന്‍ I
സ്വജനം ഹി കഥം ഹത്വാ സുഖിനഃ സ്യാമ മാധവ II "

അതുകൊണ്ട് മാധവാ, നമ്മുടെ ബന്ധുക്കളായ ധാര്‍ത്തരാഷ്ട്രന്മാരെ കൊല്ലുക എന്നത് നമുക്ക് ചേര്‍ന്നതല്ല. എന്തുകൊണ്ടെന്നാല്‍ സ്വജനങ്ങളെ ഹനിച്ചിട്ടു പിന്നെ സന്തുഷ്ടരായി കഴിയുന്നതെങ്ങിനെ? (37)

" യദ്യപ്യേതേ ന പശ്യന്തി ലോഭോപഹതചേതസഃ I
കുലക്ഷയകൃതം ദോഷം മിത്രദ്രോഹേ ച പാതകം II"

" കഥം ന ജ്ഞേയമസ്മാഭിഃ പാപാദസ്മാന്നിവര്‍തിതും I
കുലക്ഷയകൃതം ദോഷം പ്രപശ്യദ്ഭിര്‍ജനാര്‍ദന II "

ദുരാഗ്രഹത്താല്‍ മനസ്സിന് ആന്ധ്യം ബാധിച്ച ഇവര്‍ സ്വവംശത്തെ നസിപ്പിക്കുന്നതില്‍ ദോഷമോ, മിത്രദ്രോഹത്തില്‍ പാപമോ കാണുന്നില്ലെങ്കില്‍ പോലും കുല നശീകരണത്താലുണ്ടാകുന്ന പാപം വ്യക്തമായറിയാവുന്ന നമുക്ക്, ജനാര്‍ദ്ദന, എന്തുകൊണ്ട് ആ കൃത്യത്തില്‍ നിന്നും പിന്മാറുന്നതിനെക്കുറിച്ച് ചിന്തിച്ചുകൂടാ? (38,39)

"കുലക്ഷയേ പ്രണശ്യന്തി കുലധര്‍മാഃ സനാതനാഃ I
ധര്‍മ്മേ നഷ്ടേ കുലം കൃത്സ്നമധര്‍മ്മോfഭിഭവത്യുത II "

ഒരു കുലം നശിക്കുന്നതോടൊപ്പം പരമ്പരാഗതമായ കുലാചാരങ്ങളും നഷ്ടമാകുന്നു. ധര്‍മ്മം നശിക്കുമ്പോള്‍ കുലം അധര്‍മ്മത്തിന്റെ പിടിയില്‍പ്പെടും (40)

" അധര്‍മ്മാഭിഭവാത്കൃഷ്ണ പ്രദുഷ്യന്തി കുലസ്ത്രിയഃ I
സ്ത്രീഷു ദുഷ്ടാസു വാര്‍ഷ്ണേയ ജായതേ വര്‍ണസങ്കരഃ II "

കൃഷ്ണ, അധര്‍മ്മം പടര്‍ന്നാല്‍ കുലീനകള്‍ ദുര്‍വൃത്തരാകും, സ്ത്രീകള്‍ ദുഷിച്ചാല്‍, അല്ലയോ വാര്‍ഷ്ണേയ! വര്‍ണ്ണസങ്കരം സംഭവിക്കും (41)

" സങ്കരോ നരകായൈവ കുലഘ്നാനാം കുലസ്യ ച I
പതന്തി പിതരോ ഹ്യേഷാം ലുപ്തപിണ്ഡോദകക്രിയാഃ II "

വര്‍ണസങ്കരം കുലം മുടിക്കുന്നവര്‍ക്കും കുലത്തിനും നരകത്തിനും തന്നെ കാരണമാകുന്നു. അവരുടെ പിതൃക്കള്‍ പിണ്ഡദാനവും (ശ്രാദ്ധവും) ഉദകക്രിയയും (തര്‍പ്പണവും) ലഭിക്കാതെ അധപതിക്കുന്നു (42)

" ദോഷൈരേതൈഃ കുലഘ്നാനാം വര്‍ണസങ്കരകാരകൈഃ I
ഉത്സാദ്യന്തേ ജാതിധര്‍മ്മാഃ കുലധര്‍മ്മാശ്ച ശാശ്വതാഃ II "

വര്‍ണസങ്കര ഹേതുകങ്ങളായ ഈദൃശ ദോഷവൃത്തികളാല്‍ കുലം മുടിക്കുന്നവരുടെ ശാശ്വതങ്ങളായ ആചാരങ്ങളും കുലധര്‍മ്മങ്ങളും നശിച്ചു പോകുന്നു (43)

" ഉത്സന്നകുലധര്‍മാണാം മനുഷ്യാണാം ജനാര്‍ദന I
നരകേfനിയതം വാസോ ഭവതീത്യനുശുശ്രുമ II "

ഹേ ജനാര്‍ദ്ദന! കുലധര്‍മ്മങ്ങള്‍ നശിച്ച മനുഷ്യര്‍ക്ക്‌ കാലാവധിയില്ലാത്ത നരകവാസം അനുഭവിക്കേണ്ടി വരുന്നു എന്നാണല്ലോ ഞങ്ങള്‍ കേട്ടിട്ടുള്ളത് (44)

" അഹോ ബത മഹത്പാപം കര്‍തും വ്യവസിതാ വയം I
യദ്രാജ്യസുഖലോഭേന ഹന്തും സ്വജനമുദ്യതാഃ II "

കഷ്ടം കഷ്ടം ! ബുദ്ധിയുള്ളവരായിട്ടും ഞങ്ങള്‍ മഹാപാപം ചെയ്യാനൊരുമ്പെട്ടു! സിംഹാസനത്തിലും സുഖഭോഗങ്ങളിലും ഉള്ള അത്യാഗ്രഹം മൂലം സ്വജനങ്ങളെതന്നെ വകവരുത്താനൊരുങ്ങി..(45)

" യദി മാമപ്രതീകാരമശസ്ത്രം ശസ്ത്രപാണയഃ I
ധാ‍ര്‍തരാഷ്ട്രാ രണേ ഹന്യുസ്തന്മേ ക്ഷേമതരം ഭവേത് II "

ആയുധധാരികളായ ധാര്‍ത്തരാഷ്ട്രന്മാര്‍ നിരായുധനും എതിര്‍ത്തു പോരാടാത്തവനുമായ എന്നെ യുദ്ധത്തില്‍ കൊല്ലുന്നുവെങ്കില്‍ അതെനിക്ക് ഏറെ നന്മയായിത്തീരുകയേ ഉള്ളു (46)

സഞ്ജയ ഉവാച

" ഏവമുക്ത്വാര്‍ജുനഃ സംഖ്യേ രഥോപസ്ഥ ഉപാവിശത് I

വിസൃജ്യ സശരം ചാപം ശോകസംവിഗ്നമാനസഃ II "

സഞ്ജയന്‍ പറഞ്ഞു : യുദ്ധരംഗത്ത് വച്ച് ശോകാകുലമാനസനായ അര്‍ജ്ജുനന്‍ ഇപ്രകാരം പറഞ്ഞു, അമ്പേറ്റിയ വില്ല് കൈ വെടിഞ്ഞു തേര്‍ത്തട്ടില്‍ പിന്‍ഭാഗത്ത് ഇരിപ്പായി (47)

ഓം തത്സദിതി ശ്രീമദ്ഭഗവദ്ഗീതാസൂപനിഷത്സു
ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ ശ്രീകൃഷ്ണാര്‍ജുനസംവാദേ
അര്‍ജുനവിഷാദയോഗോ നാമ പ്രഥമോfധ്യായഃ

ഓം തത് സത്
ഇങ്ങനെ, ശ്രീമദ് ഭഗവദ്‌ ഗീതയാകുന്ന ഉപനിഷത്തില്‍ 'ബ്രഹ്മവിദ്യ'യാകുന്ന യോഗ ശാസ്ത്രത്തില്‍ ശ്രീകൃഷ്ണാര്‍ജ്ജുന സംവാദത്തില്‍ 'അര്‍ജ്ജുന വിഷാദ യോഗം' എന്ന ഒന്നാമദ്ധ്യായം സമാപ്തം

This entry was posted on Aug 23, 2009 at Sunday, August 23, 2009 and is filed under . You can follow any responses to this entry through the .

0 അഭിപ്രായങ്ങള്‍ ‍...