ഭഗവദ്‌ഗീത : ആമുഖം
പ്രണാമം,
ഭഗവദ്ഗീത സമഗ്ര ജീവിതത്തിന്റെ ദര്‍ശനമാണ്..അതിന്റെ പ്രസക്തി കാലദേശങ്ങള്‍ക്ക് അതീതമാണ്..ഇതിലെ സംസ്കൃതം അല്പമാത്രമായ അഭ്യാസം കൊണ്ട് ആര്‍ക്കും അനായേസേന മനസ്സിലാകുന്ന വിധത്തില്‍ ലളിതസുന്ദരമാണ്.എന്നാല്‍ ആശയമാവട്ടെ, ആജീവനാന്തം അനുസന്ധാനം ചെയ്താല്‍ പോലും ആഴമറിയാന്‍ വയ്യാത്തവിധം അതിഗഹനമാണ്. ദിനം തോറും നവം നവങ്ങളായ ഭാവങ്ങള്‍ ഉദിച്ചു കൊണ്ടിരിക്കുന്നതിനാല്‍ ഇത് നിത്യ നൂതനമായി പരിലസിക്കുന്നു ..
ഇവിടെ ആദ്യഘട്ടത്തില്‍ മലയാളം ശ്ലോകാര്‍ത്ഥ സഹിതം പതിനെട്ടു അധ്യായങ്ങളും പ്രസിദ്ധീകരിക്കുകയാണ്.. പിന്നീട് പ്രമുഖ ഗീത പണ്ഡിതന്മാരുടെ ഗീതാ പരിഭാഷ്യങ്ങളും, ചര്‍ച്ചകളും ചോദ്യോത്തരങ്ങളും ഉള്‍പ്പെടുത്തുന്നതാണ്.
(ഈ ബ്ലോഗ് ഈ രീതിയില്‍ തയ്യാറാക്കി തന്ന എന്റെ പ്രിയ സഹോദരന്‍ 'അഹങ്കാരിക്ക് 'നന്ദി..)
അഥ ധ്യാനം
ശാന്താകാരം ഭുജഗ ശയനം പദ്മനാഭം സുരേശം
വിശ്വാധാരം ഗഗന സദൃശം മേഘവര്‍ണം ശുഭാംഗം I
ലക്ഷ്മീകാന്തം കമല നയനം യോഗിഭിര്‍ധ്യാന ഗമ്യം
വന്ദേ വിഷ്ണും ഭവഭയഹരം സര്‍വലോകൈക നാഥം II
അര്‍ത്ഥം : അത്യന്തം ശാന്തസുന്ദരമായ ആകാശം, ശേഷ നാഗത്തിന്മേല്‍ ശയനം, നാഭിയില്‍ കമലം , ദേവന്മാരുടെയും ഈശ്വരന്‍ , സമ്പൂര്‍ണ ജഗത്തിനും ആധാരം, ആകാശസദൃശം സര്‍വ്വത്ര വ്യാപ്തന്‍, നീലമേഘത്തിനൊത്ത നിറം, അതിസുന്ദരമായ അംഗങ്ങള്‍, യോഗികള്‍ക്കു ധ്യാനത്തിലൂടെ അഭിഗമ്യന്‍, സമസ്ത ലോകത്തിനും സ്വാമി, ജനനമരണ ഭയനാശനനന്‍ - ഇങ്ങനെയെല്ലാം പരിലസിക്കുന്ന ലക്ഷ്മീപതിയും കമലനേത്രനുമായ വിഷ്ണു ഭഗവാനെ ഞാന്‍ വന്ദിക്കുന്നു ...
യം ബ്രഹ്മാ വരുണേന്ദ്രരുദ്രമരുത: സ്തുന്വന്തി ദിവ്യൈ:സ്ഥവൈര്‍ -
വേദൈ : സാംഗപദക്രമോപനിഷദൈര്‍ഗായന്തി യംസാമഗാ: I
ധ്യാനാവസ്ഥിത തദ്ഗതേന മനസാ പശ്യന്തിയംയോഗിനോ-
യസ്യാന്തം ന വിദു: സുരാസുരഗണാ ദേവായ തസ്മൈ നമ: II
അര്‍ത്ഥം : ബ്രഹ്മാവ്, വരുണന്‍, ഇന്ദ്രന്‍ , രുദ്രന്‍ , മരുദ്ഗണം എന്നിവര്‍ ദിവ്യസ്തോത്രങ്ങളാല്‍ ആരെയാണോ സ്തുതിക്കുന്നത്, സാമവേദ ഗായകന്മാര്‍ അംഗം, പദം,ക്രമം , ഉപനിഷത്തുക്കള്‍ എന്നിവയോടുകൂടി വേദങ്ങളിലൂടെ ആരെപ്പറ്റിയാണോ ഗാനം ചെയ്യുന്നത് , യോഗികള്‍ ധ്യാനത്തില്‍ തദാകാരമായിത്തീര്‍ന്ന മനസ്സുകൊണ്ട് ആരെയാണോ ദര്‍ശിക്കുന്നത്, ദേവന്മാരോ അസുരന്മാരോ (എന്നല്ല, ആരും തന്നെ ) ആരുടെ അന്തത്തെ (ചരമസീമയെ)യാണോ അറിയാത്തത്, ആ (പരമപുരുഷ നാരായണ )ദേവനായിക്കൊണ്ട് എന്റെ നമസ്കാരം !